യൂത്ത് അസ്സോസിയേഷന്‍
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ വിശ്വാസത്തിലും സത്യവിശ്വാസികളായ പിതാക്കന്‍മാരുടെ നേതൃത്വത്തിലും നിലകൊള്ളുന്ന മോര്‍ ഇഗ്നാത്തിയോസ് ചാപ്പലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്തസംഘടനകളില്‍ ഒന്നാണ് മോര്‍ ഇഗ്നേഷ്യസ് യൂത്ത് അസോസിയേഷന്‍. 2005 ഡിസംബര്‍ മാസം 4 -ആം തിയതി ചാപ്പലിന്റെ കീഴില്‍ യൂത്ത് അസോസിയേഷന്‍ രൂപീകരിക്കുകയുണ്ടായി.
യുവതീ-യുവാക്കളെ സംഘടിപ്പിച്ച് അവരെ ആത്മീയ ഉണര്‍വുള്ളവരാക്കിത്തീര്‍ക്കുക, അവരെ സഭക്കും സമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്നിവയാണ് ഈ സംഘടനയുടെ പ്രധാനലക്ഷ്യം. ഇന്ന് ഈ സംഘടന മലങ്കരയിലുടനീളം സുറിയാനീ സഭയുടെ ആദ്ധ്യാത്മിക സാമൂഹിക മണ്ഡലങ്ങളില്‍ ഒരു പ്രകാശഗോപുരമായി നിലനില്‍ക്കുന്നു. ആരംഭകാലം മുതല്‍ ഇന്നുവരെയും ഈ ചാപ്പലിന്റെ എല്ലാവിധ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ യൂത്ത് അസോസിയേഷന്‍ തനതായ പങ്കവഹിച്ചിട്ടുണ്ട്.
മഞ്ഞനിക്കര, കോതമംഗലം തീര്‍ഥയാത്രകളിലും ഇടവകയുടെ പെരുന്നാളുകളിലും കുടുംബ പ്രാര്‍ഥനായോഗങ്ങളിലും അംഗങ്ങള്‍ സജീവമായി പങ്കെടുക്കുന്നു. എല്ലാവിധ കാരുണ്യപ്രവര്‍ത്തനങ്ങളിലും സാമൂഹികപ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാവുക എന്നത് ഈ സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ഇടവകയുടെ 100 ല്‍ പരം യുവതീ-യുവാക്കള്‍ ഈ സംഘടനയില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.പള്ളിയും പരിസരവും ശുചീകരിക്കുന്നതിനു എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു.
ഈ ഭക്തസംഘടനയുടെ പ്രസിഡന്റ് ബഹു. വികാരിയച്ചനും, കൂടാതെ സംഘടനയുടെ പൊതുയോഗം തിരഞ്ഞെടുക്കുന്ന വൈസ് പ്രസിഡന്റ് ,സെക്രട്ടറി , ജോ.സെക്രട്ടറി,ട്രഷറര്‍ കമ്മറ്റിയംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട ഭരണസമിതിയും ഭരണച്ചുമതല നിര്‍വഹിക്കുന്നു. യൂത്ത് അസോസിയേഷനിലേക്ക് ഒരു വിശ്വാസി 20000 രൂപ സംഭാവനയായി നല്‍കുകയും, ആ ഫണ്ട് ഉപയോഗിച്ചു ചാപ്പലിലേക്ക് ഒരു ഗേറ്റ് നിര്‍മിച്ചു നല്‍കുകയും ചെയ്തത് സംഘടനയുടെ വലിയൊരു നേട്ടമാണ്.
മറ്റു ഭക്തസംഘടനകളോടും അന്യോന്യം ഐക്യമത്യത്തോടുകൂടി പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. സംഘടനയുടെ വാര്‍ഷികം ചാപ്പലിന്റെ പ്രധാന പെരുന്നാളിനോടനുബന്ധിച്ചു വിവിധ പരിപാടികളോടെ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു.ഈ സംഘടനയുടെ നാളിതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചവരെയും ഭരണസാരഥികളേയും നന്ദിയോടെ സ്മരിക്കുന്നു. പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ബാവയുടെ കുരിശിന്‍തൊട്ടി ചാപ്പലായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ വിശ്വാസികളേയും നന്ദിയോടെ ഓര്‍ക്കുകയും , ഭാവിയിലുള്ള സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കുന്നതിനുവേണ്ടി ഈ ദേശത്തിന്റെ കാവല്‍ പിതാവായ മോര്‍ ഇഗ്നാത്തിയോസ് ബാവയുടെ നാമത്തില്‍ അഭായപ്പെട്ടു പ്രാര്‍ഥിക്കുകയും ചെയ്യുന്നു.